English| മലയാളം

പ്ലാസ്റ്റിക് ക്യാരിബാഗുകള്‍, മാലിന്യ സംസ്കരണ സംവിധാനം

K M Act Section 334 A, 334 B (പ്ലാസ്റ്റിക് ക്യാരിബാഗുകള്‍, മാലിന്യ സംസ്കരണ സംവിധാനം) പ്രകാരമുളള വിജ്ഞാപനം

Gazette No. PH-15509/2011 തീയതി: 01.04.2012

2011 ലെ കേരളാമുനിസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ഓര്‍ഡിനന്‍സ് പ്രകാരവും (2011 ലെ 52-ാം നമ്പര്‍ ഓര്‍ഡിനന്‍സ്) ആറ്റിങ്ങല്‍ നഗരസഭാ കൗണ്‍സിലിന്‍റെ 31-03-2012 ലെ 7(2)-ാം നമ്പര്‍ തീരുമാനപ്രകാരവും 40 മൈക്രോണില്‍ താഴെ കനമുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകളും മറ്റും നിര്‍മ്മിക്കുന്നതും, വില്‍ക്കുന്നതും, ഉപയോഗിക്കുന്നതും നഗരസഭാ പരിധിയില്‍ നിരോധിച്ചുകൊണ്ടും കച്ചവട/കച്ചവട ഇതര സ്ഥാപനങ്ങള്‍ പാലിക്കേണ്ടുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജന പരിപാലന സൗകര്യങ്ങള്‍ വ്യക്തമാക്കികൊണ്ടും 40 മൈക്രോണിനു മുകളില്‍ ഘനമുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ വില്‍ക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ഈ ആവശ്യത്തിലേയ്ക്ക് ڇമാലിന്യ നിര്‍മ്മാര്‍ജ്ജന ഫണ്ടڈ് എന്ന പ്രത്യേക നിധി രൂപീകരിച്ചുകൊണ്ടും പുറപ്പെടുവിക്കുന്ന വിജ്ഞാപനം.

ഇതോടൊപ്പം ബഹു:കേരളാസര്‍ക്കാറിന്‍റെ 25-11-2011-ലെ 2220 ്ീഹ. 56-ാം നമ്പര്‍ അസാധാരണ ഗസറ്റ് വിജ്ഞാപനം കൂടി ചേര്‍ത്ത് വായിക്കേണ്ടതാണ്.

  1. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ അമിതമായ ഉപയോഗം മൂലം പരിസ്ഥിതിക്കുണ്ടാകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് കേരള മുനിസിപ്പാലിറ്റി ആക്ട് 334 ബി, 334 സി എന്നീ വകുപ്പുകള്‍ പ്രകാരം പ്ലാസ്റ്റിക് വില്‍പ്പനയും, ഉപയോഗവും, നിയന്ത്രണവും ആറ്റിങ്ങല്‍ നഗരസഭയില്‍ പൂര്‍ണ്ണമായും നടപ്പില്‍ വരുത്തുന്നതിനാണ് ഈ വിജ്ഞാപനം കൊണ്ട് ഉദ്ദേശിക്കുന്നത്.
  2. ഈ വിജ്ഞാപന പ്രകാരം ഏതൊരാളോ, സ്ഥാപനമോ 40 മൈക്രോണില്‍ താഴെ ഘനമുള്ള നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ യാതൊരു കാരണവശാലും നിര്‍മ്മിക്കുവാനോ, വില്‍ക്കുവാനോ, ഉപയോഗിക്കുവാനോ പാടില്ല.
  3. വിജ്ഞാപനപ്രകാരം 01-04-2012 നു ശേഷം നഗരസഭയില്‍ ലൈസന്‍സിനായി അപേക്ഷിക്കുന്ന കച്ചവട/സ്ഥാപന ഉടമകള്‍ ലൈസന്‍സ് അപേക്ഷയോടൊപ്പവും, നിലവിലുള്ള കച്ചവട സ്ഥാപനങ്ങള്‍ 31.05.2012 നകവും, നിശ്ചിതകാലത്തേക്ക് ടി. സ്ഥാപനത്തില്‍ വില്‍ക്കുവാന്‍ ഉദ്ദേശിക്കുന്ന പ്ലാസ്റ്റിക് ക്യാരിബാഗുകള്‍/സഞ്ചികള്‍ സംബന്ധിച്ച് ഒരു സത്യപ്രസ്താവന കൂടി രേഖാമൂലം നല്‍കേണ്ടുന്നതും ലൈസന്‍സ് ഫീസിനോടൊപ്പം തന്നെ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ വില്‍ക്കുന്നതിന് ഇതോടൊപ്പം പ്രതിപാദിച്ചിട്ടുള്ള പ്രകാരം ഒരു നിശ്ചിത അധിക ഫീസ് കൂടി മാലിന്യനിര്‍മ്മാര്‍ജ്ജന ഫണ്ടിലേക്ക് ഒടുക്കേണ്ടതുമാണെന്ന് നിഷ്കര്‍ഷിക്കുന്നു.
  4. പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ വില്‍ക്കുന്നതാകയാല്‍ 40 മുതല്‍ 50 മൈക്രോണ്‍ വരെയുള്ള ക്യാരിബാഗുകള്‍ വില്‍ക്കുന്നതിന് ഓരോ ക്യാരിബാഗിനും 50 പൈസ നിരക്കിലും 50 മുതല്‍ 60 വരെയുള്ളതിന് 75 പൈസ നിരക്കിലും 60 നു മുകളിലുള്ളതിന് 1 രൂപ നിരക്കിലും നഗരസഭയുടെ മാലിന്യ നിര്‍മ്മാര്‍ജ്ജനഫണ്ടിലേക്ക്അഡ്വാന്‍സായി ഒടുക്കേണ്ടതാണെന്ന് നിഷ്കര്‍ഷിക്കുന്നു.
  5. കൂടാതെ 40 മൈക്രോണ്‍ മുതല്‍ 50 മൈക്രോണ്‍ വരെ കനമുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ക്ക് 3 രൂപയില്‍ കുറയാതെയുള്ള വിലയും 50 മുതല്‍ 60 വരെയുള്ളതിന് 4 രൂപയില്‍ കുറയാതെയുള്ള വിലയും 60 മൈക്രോണിന് മുകളിലുളളതിന് 5 രൂപയില്‍ കുറയാതെയുളള വിലയും ഈടാക്കി മാത്രമേ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ വില്‍ക്കുവാന്‍ പാടുള്ളൂ. യാതൊരു കാരണവശാലും പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ സൗജന്യമായി നല്‍കുവാന്‍ പാടുള്ളതല്ല.
  6. കുറഞ്ഞവിലയായി നിശ്ചയിച്ചിട്ടുള്ളതില്‍ നിന്ന് ലഭിക്കുന്ന പ്രത്യേക തുകയും, പിഴയായി ഈടാക്കുന്ന തുകയും ഇതിലേക്ക് ലഭിക്കുന്ന മറ്റ് ഗ്രാന്‍റുകളും ചേര്‍ന്നുള്ള മാലിന്യ നിര്‍മ്മാര്‍ജ്ജന ഫണ്ട് നഗരസഭയുടെ മാലിന്യപരിപാലന സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് വ്യവസ്ഥ ചെയ്യുന്നു.
  7. വിജ്ഞാപനത്തില്‍ നിര്‍ദ്ദേശിച്ച തരത്തില്‍ അല്ലാതെ ഒരു സ്ഥാപനത്തിലും പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിര്‍മ്മിക്കുകയോ, വില്‍ക്കുകയോ, സംഭരിക്കുകയോ ചെയ്യാന്‍ പാടില്ല എന്നും അപ്രകാരം ചെയ്യുന്നതാകയാല്‍ ആയവ ഹെല്‍ത്ത് സ്ക്വാഡ് പരിശോധിച്ച് പിടിച്ചെടുക്കുന്നതും പിഴ ഈടാക്കി മറ്റ് നിയമ നടപടികള്‍ നിയമത്തില്‍ പ്രതിപാദിച്ചിട്ടുള്ള പ്രകാരം സ്വീകരിക്കുന്നതുമാണ്.
  8. നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായിട്ടുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ സ്ഥാപനങ്ങളില്‍ നിന്ന് പരിശോധിച്ച് പിടിച്ചെടുക്കുന്ന പക്ഷം ഒരു കിലോഗ്രാം വരെയുള്ളത് 500 രൂപ മുതല്‍ 1000 രൂപ വരെയും, അതുകഴിഞ്ഞുള്ളതിന് ഓരോ കിലോഗ്രാമിനും 500 രൂപാ നിരക്കില്‍ പിഴചുമത്തുന്നതിനും വ്യവസ്ഥ ചെയ്യുന്നു.
  9. ഒരേ സ്ഥാപനത്തില്‍ നിന്നും മൂന്നോ, അതില്‍ കൂടുതലോ പ്രാവശ്യം നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി വില്‍ക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കുന്ന പക്ഷം സ്ഥാപനത്തിന്‍റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുവാന്‍ വ്യവസ്ഥ ചെയ്യുന്നു.

II

  1. കേരളാമുനിസിപ്പാലിറ്റി ആക്ട് 334 എ വകുപ്പു പ്രകാരം നഗരസഭാ പ്രദേശത്ത് നിര്‍മ്മിക്കുന്ന വ്യാപാര കേന്ദ്രങ്ങള്‍, ആശുപത്രികള്‍, ചന്തകള്‍, അറവുശാലകള്‍, ചിക്കന്‍ സ്റ്റാളുകള്‍, കല്യാണമണ്ഡപങ്ങള്‍, ഫ്ളാറ്റുകള്‍, മൂന്നു നിലകളില്‍ കൂടുതലുള്ള വീടുകള്‍, നഗരസഭ കാലാകാലങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന മറ്റ് കെട്ടിടങ്ങള്‍ എന്നിവകള്‍ക്ക് ആക്ടില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രകാരമുള്ള മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ടി. കെട്ടിടങ്ങളുടെ പെര്‍മിറ്റിന് അപേക്ഷിക്കുമ്പോള്‍ തന്നെ പ്ലാനില്‍ ഉണ്ടായിരിക്കേണ്ടതും കെട്ടിടങ്ങളുടെ നിര്‍മ്മാണ വേളയില്‍ തന്നെ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുമാണ്. ഇത്തരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന കെട്ടിടങ്ങള്‍ക്കു മാത്രമേ ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റും പ്രവര്‍ത്തനാനുമതിയും ലൈസന്‍സും നഗരസഭയില്‍ നിന്നും നല്‍കുകയുള്ളൂ.
  2. നിലവിലുള്ള ഇത്തരം കെട്ടിടങ്ങള്‍ക്ക് മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് 31.12.2012 വരെ സമയം അനുവദിക്കുന്നു. ടി. കെട്ടിട ഉടമസ്ഥര്‍/കൈവശക്കാര്‍ 31.12.2012 നകം മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി നഗരസഭയെ അറിയിക്കേണ്ടതാണ്.
  3. മലിനജലം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളിലോ, പൊതുനിരത്തുകളിലോ, ഓടകളിലോ, ജലസ്രോതസ്സുകളിലോ വലിച്ചെറിയുകയോ, അലക്ഷ്യമായി നിക്ഷേപിക്കുകയോ ചെയ്യാന്‍ പാടില്ലാത്തതും, അപ്രകാരം ഒഴുക്കിവിടാന്‍ പാടില്ലാത്തതുമാണ് എന്ന് നിഷ്കര്‍ഷിക്കുന്നു. ഇപ്രകാരം നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കും, നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നു.

III. വിജ്ഞാപന പ്രകാരം പ്ലാസ്റ്റിക് മാലിന്യങ്ങള്‍, സഞ്ചികള്‍ എന്നിവ ശുചീകരിച്ച് അവരവര്‍ തന്നെ സൂക്ഷിക്കേണ്ടതും ആയത് മാലിന്യത്തിന്‍റെ അളവ്, തരം എന്നിവ സംബന്ധിച്ച് സെക്രട്ടറി നിശ്ചയിക്കുന്ന നിരക്കും, നിബന്ധനകളും അനുസരിച്ച് ഫീസ് ഈടാക്കി നഗരസഭയുടെ ലഭ്യമായ സൗകര്യത്തില്‍ നശിപ്പിക്കുകയോ, അഥവാ നശിപ്പിക്കുവാന്‍ വേണ്ട സൗകര്യങ്ങള്‍ സ്വന്തമായി ഏര്‍പ്പെടുത്തണമെന്നും ഉള്ള നിര്‍ദ്ദേശം കെട്ടിട/സ്ഥാപന ഉടമകള്‍ക്ക് നല്‍കുന്നതിനോ, പരിസ്ഥിതിക്ക് കോട്ടം തട്ടാതെ കൈയ്യൊഴിയുന്നതിനോ വേണ്ട യുക്തമായ തീരുമാനം കൈക്കൊള്ളുന്നതിന് ഉള്ള അധികാരം നഗരസഭാ സെക്രട്ടറിയില്‍ നിക്ഷിപ്തമാണ് എന്ന് വ്യവസ്ഥ ചെയ്യുന്നു.

IV. നഗരസഭ അതിര്‍ത്തിക്കുള്ളിലെ വ്യാപാര കേന്ദ്രങ്ങള്‍, ആശുപത്രികള്‍, ക്ലിനിക്കല്‍ ലാബുകള്‍, ഹോട്ടലുകള്‍, മറ്റ്ഭക്ഷണശാലകള്‍, ചന്തകള്‍, അറവ്ശാലകള്‍, ചിക്കന്‍സ്റ്റാളുകള്‍, കല്ല്യാണമണ്ഡപങ്ങള്‍, ഫ്ളാറ്റുകള്‍, 3 നിലകളില്‍ കൂടുതലുള്ള വീടുകള്‍, ഫാക്ടറികള്‍, വര്‍ക്ക്ഷോപ്പുകള്‍, സര്‍വ്വീസ് സ്റ്റേഷനുകള്‍, തുണിവ്യാപാരശാലകള്‍, ഷോപ്പിംഗ് മാളുകള്‍, പഴം-പച്ചക്കറി മൊത്തവ്യാപാരശാലകള്‍, ഖര/ദ്രവ മാലിന്യങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന മറ്റിതരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കേരളാമുനിസിപ്പല്‍ ആക്ടില്‍ പുതുതായി കൂട്ടിച്ചേര്‍ത്ത 334 എ(1),(2) പ്രകാരം അവരവര്‍ ഉല്‍പ്പാദിപ്പിക്കുന്ന മാലിന്യങ്ങള്‍ വായു, ജലം, പരിസ്ഥിതി എന്നിവയ്ക്ക് കോട്ടം തട്ടാത്ത രീതിയില്‍ തരം തിരിച്ച് സംഭരിച്ച്, സംസ്കരിച്ച് സ്വന്തമായി കൈയ്യൊഴിയേണ്ടതുമാണ് എന്നും, അല്ലാത്തപക്ഷം കേരളാമുനിസിപ്പല്‍ ആക്ട് 334 എ(3),(4) പ്രകാരം, തടവ്, പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് വ്യവസ്ഥ ചെയ്തും പുതിയ കെട്ടിടങ്ങള്‍ക്ക്/സ്ഥാപനങ്ങള്‍ക്ക് 01-04-2012 മുതലും, നിലവിലുള്ള ഇത്തരം കെട്ടിടങ്ങള്‍ക്ക്/സ്ഥാപനങ്ങള്‍ക്ക് ടി. സംവിധാനങ്ങള്‍ ഒരുക്കുന്നതിന് 31-12-2012 വരെയും സമയം അനുവദിച്ചും നഗരസഭ കൗണ്‍സില്‍ ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് പ്രകാരം വിജ്ഞാപനം ചെയ്തു കൊള്ളുന്നു.

ഇതോടൊപ്പമുള്ള വ്യവസ്ഥകള്‍, നിബന്ധനകള്‍, കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന മറ്റ് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ എന്നിവ പ്രകാരം വിജ്ഞാപനത്തില്‍ ആവശ്യം വേണ്ട കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തുന്നതിനും നിബന്ധനകളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുന്നതിനുമുള്ള അധികാരം നഗരസഭാകൗണ്‍സിലില്‍ നിക്ഷിപ്തമാണെന്നുകൂടി ഇതിനാല്‍ വിജ്ഞാപനം ചെയ്തുകൊള്ളുന്നു.

സെക്രട്ടറി.
ആറ്റിങ്ങല്‍ നഗരസഭ.